നെന്മാറ: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾ കേരളത്തിലെ നെൽകർഷകരുടെ വയലുകളിലേക്കും വ്യാപിച്ചു.
കൊയ്ത്തുകാലം സജീവമായിരിക്കുന്ന സാഹചര്യത്തിൽ നെല്ലുസംഭരിക്കാൻ ആവശ്യമായ പ്ലാസ്റ്റിക് ചാക്കുകളുടെ ക്ഷാമം രൂക്ഷമായത് കർഷകരെ വലിയ ആശങ്കയിക്കുന്നു. പ്ലാസ്റ്റിക് ചാക്കുകളുടെ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ പെട്രോളിയം ഉത്പന്നങ്ങളാണ്.
ആഗോള വിപണിയിൽ പെട്രോളിയം വില ഉയർന്നതും വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളും ചേർന്നതോടെ നിർമാതാക്കൾക്ക് ആവശ്യത്തിന് ഉത്പാദനം കൂട്ടാൻ കഴിഞ്ഞില്ല. ഇതോടെ വിപണിയിൽ ചാക്കുകളുടെ ലഭ്യത കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തു.
കൊടുവായൂർ ചന്തയിൽ കഴിഞ്ഞമാസംവരെ ഒരു ചാക്കിന് 11 രൂപയായിരുന്നു വില. എന്നാൽ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇത് 15 രൂപയായി ഉയർന്നു. 50- 55 കിലോ നെല്ലുനിറയ്ക്കാൻ ഉപയോഗിക്കുന്ന ഓരോചാക്കിനും കർഷകർക്ക് നാലു രൂപയുടെ അധികച്ചെലവാണ് വരുന്നത്.
ഏക്കറിനു ശരാശരി 2,000 കിലോ നെല്ല് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് ഏകദേശം 40 ചാക്കുകൾ ആവശ്യമാണ്.
അതിനാൽ ഒരു ഏക്കറിനുമാത്രം 160 രൂപയുടെ അധികച്ചെലവ് ഈയിനത്തിൽ വരുന്നു.
ചെറുകിട കർഷകർക്ക് ഇത് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുന്നതായി കർഷകർ പറയുന്നു.
ജില്ലയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ചാക്കുകളുടെ ഭൂരിഭാഗവും തമിഴ്നാട്ടിലെ നിർമാണ യൂണിറ്റുകളിൽ നിന്നാണ് എത്തുന്നത്. എന്നാൽ അവിടെയും ഉത്പാദന കുറവും ഗതാഗത പ്രശ്നങ്ങളും നിലനിൽക്കുന്നതോടെ വിതരണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
വിലക്കയറ്റവും ക്ഷാമവും ഒരുപോലെ ബാധിച്ചതോടെ കർഷകർ പഴയ ചാക്കുകൾ ശേഖരിച്ച് കീറലുകളും ഓട്ടകളും തുന്നി വീണ്ടും ഉപയോഗിക്കുന്ന നിലയിലാണ്.
ചിലർ സഹകരണ സംഘങ്ങളിലൂടെയും കൃഷിവകുപ്പിലൂടെയും സഹായം തേടുന്നുണ്ട്. ഇതിനിടെ, കർഷകരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി ഉയരുന്നു. ചാക്കുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം വില നിയന്ത്രണ നടപടികളും സ്വീകരിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.